Wednesday, April 22, 2020

പിടിച്ചുപറി

"നായിന്റെ മോൻ "
പാതി മയക്കത്തിലായിരുന്ന ഞാനൊന്നു ഞെട്ടി, കണ്ണു തുറന്നു.
തീവണ്ടി തിരൂർ വിട്ടു നീങി തുടങിയതേയുള്ളൂ.
ഒരു ചെറുപ്പക്കാരനും "ഇഷ്ട വസ്ത്രം" ധരിച്ച ഭാര്യയുമാണ് . എന്റെ സീറ്റിനടുത്താണവരുടെ സീറ്റ്.
വന്നിരുന്നതിനു ശേഷമുള്ള ചെറുപ്പക്കാരന്റെ കുറച്ച് ഉച്ചത്തിലുള്ള ആത്മഗതമാണ് എന്നെ ഉണർത്തീത്.
"നായിന്റെ മോൻ... ഇങ്ങനെ പിടിച്ചുപറിക്കാമോ... " അയാളെ നോടായി പിന്നെ സംസാരം.
"ആകെ പത്ത് മിനിറ്റിലെ പണിയാ എടുത്തത്. ഒരു അഞ്ച് പെട്ടി പ്ലാറ്റ് ഫാമിന്നെടുത്ത് ബണ്ടില് ബെച്ച് രിക്കണ്.  അതും തല ചൊമടൊന്നൂല്ല... ട്രോളില് ഉന്തി കൊണ്ടുവന്നതിന്..അയിന് നാനൂറ് രൂപേ. ഇങനേണ്ടോ ഒരു പിടിച്ച് പറി. ബിമാനത്തിന്ന് എറങണവനൊക്കെ സുൽത്താനാന്നാ ഓർക്കടെ ബിചാരം. ങക്കറിയോ ഞങളബടെ, സൗദീല്, രാവിലെ ആറിന് തൊടങിയാ ചെലപ്പോ രാത്രി ഏഴുവരെ പണിയെടുക്കും.... സൗദില്. എന്നിട്ട് കിട്ടണതോ അഞ്ചോ ആറോ റിയാല്. ഒരു റിയാല് നൂറ്റി എഴുപത് രൂപ. നിങ്ങള് കൂട്ടിക്കോളിൻ. പന്ത്രണ്ട് മണിക്കൂറ് ചൂട്ടത്ത് പണീടുത്താ കിട്ടണത് പരമാവധി   തൊള്ളായിരം രൂപ.  അതീന്ന് മുറി ബാടക കൊടുക്കണം, മ്മടെ ചെലവ് നടത്തണം, പൊരേല്ക്ക് അയക്കണം, ലോണടക്കണം... മിച്ചം എന്ത് ണ്ടാവും... നിങള് കൂട്ടിക്കോളിൻ...ഈ നായിന്റെ മോൻ പത്ത് മിനിറ്റിന്റെ പണിക്ക് നാനൂറ് രൂപ ബാങീരിക്കണ്... പിടിച്ച് പറിക്ക് ഒരതിരില്ലേന്. ആരോട് പറയാൻ. ഇബടെ ഭരണല്ലാന്ന് . അതാണ് കാര്യം. അബടെ, സ3ദീല്, ഇതൊന്നും നടക്കൂല. എല്ലാം കൃത്യം. പറഞ്ഞ കൂലി കൊടുത്താ മതി. ഇല്ലേ ബിബരറിയും. ഇങക്ക് അറിയോ അബടെ എഴുതി ബെച്ചിരിക്കണ റേറ്റ്... സ്റ്റേഷനില്? നൂറ്റി ഇരുപത് രൂപ. മാങീത് നാനൂറ്. എന്തൊരു കൊള്ളയാണ്.  എല്ലാം സഹിക്കണതെന്തിനാന്നറിയോ നിങ്ങക്ക്. എന്തെങ്കിലും എതിർത്ത് പറഞ്ഞാ പിന്നെ നമ്മക്കെതിരെ കേസായി പുലി ബാലായി. തിരിച്ച് പോവാൻ പറ്റോ? ഒരു മാസത്തെ ലീവിനു ബന്നാ പോലീസ് സ്റ്റേഷൻ നെരങണാ ബീട്ടുകാരിടെ ഒപ്പം ഇരിക്കണോ നിങള് പറയിൻ...അപ്പോ മിണ്ടാണ്ടിരിക്കും. സൊല്ല ബേണ്ടന്ന് ബിചാരിച്ച് ഓര് ചോയ്ക്കണത് കൊടുക്കും. ഇനി ബരാൻ പോണേള്ളൂ. പൊരേലെത്താൻ കാത്തിരിക്കേണ് ചെക്കന്മാര്. അതിന്റെ ബാർഷികം, ഇതിന്റെ ബാർഷികം ന്നക്കെ പറഞ്ഞ് കിത്താബും കൊണ്ട് ബരും. എല്ലാത്തിനും കൊടുക്കണം എത്ര ന്നറിയോ? രണ്ട് !!
ഏത് ? മനസ്സിലായാ ? രണ്ടായിരം !! 
ടാക്സാണ്!! മനസ്സിലായാ? പിരിവിന്റെ കോഡാണ് ടാക്സ് !!
എല്ലാം പരിചയക്കാരാണ്. പെണക്കാൻ പറ്റില്ല. പേസ് ബുക്കിലൊക്കെ നമ്മള് പോട്ടോ ഒക്കെ ഇടുമ്പോ ലൈക്കും കമന്റും ഒക്കെ ഇഷ്ടത്തിന് തരും.
എന്നാ ഒരു സഹായത്തിന് ബിളിച്ചാലോ... ങേഹേ. ഒരുത്തനേം കാണില്ല. എല്ലാം ബിസിയാണ്. എന്ത് ബിസി. ഓര്ക്കൊന്നും ഒരു പണീംല്ലാന്ന്. ബണ്ടീം എടുത്ത്  കറങ്ങും. ബൈകിട്ടാവുമ്പോ ഇതു പോലെ എന്നെ പോലാരേങ്കിലും പിടിച്ച് പറിച്ച് കാശ്ണ്ടാക്കും. പണത്തിന്റേം ബെയർപിന്റേം ബെല അറീല്ല നായിന്റെ മക്കൾക്ക്. അന്യ നാട്ടില് ചൂട്ടത്ത് പണിയെടുക്കണ നമ്മള് മണ്ടന്മാര്. ഇബടാണേ പണീല്ല ഒണ്ടേ തന്നെ ചെയ്യാനും സമ്മതിക്കൂല. എബടേലും പോയി പെഴക്കാന്ന് ബിചാരിച്ചാല് തിരിച്ച് ബരാൻ തോന്നുല. പിടിച്ച് പറിയല്ലേ !! പണിയെടുക്കാൻ നമ്മളും തിന്നാൻ ഇബറ്റകളും.  ങക്കറിയോ പഹയയന്മാര് എന്നെ പറ്റിച്ചത്? കിത്താബും കൊണ്ട് ബന്നിന്. കാശും ബാങി. ഒരു പാർട്ടിക്കാരാണ്. എനിക്ക് സംശയം തോന്നി ഒരു ചങായി നെ ബിളിച്ച്ന്. ഓൻ പറയാ അത് അഞ്ച് കൊല്ലം മുമ്പെത്തെ കിത്താബാണന്ന്!!
തീർന്നില്ല... പുതീതുമായി ബൈന്നേരം ഓര് ബരാന്ന്!! എങനേണ്ട് !!
അല്ലാ ഇങക്കെന്താ പണി?"
" പ്രത്യേകിച്ചൊന്നൂല്ല, " ഞാൻ പറഞ്ഞു.
" ഇങനെ തീവണ്ടീക്കേറും... കുറെ ദൂരം പോവും.... ആരെങ്കിലും അടുത്തു വന്നിരുന്ന് വർത്തമാനം പറയും... അതൊക്കെ കേട്ടോണ്ടിരിക്കും... എനിക്കിറങാറായി പിന്നെപ്പോഴെങ്കിലും കാണാം " ഞാനെഴുന്നേറ്റു.
" അല്ലാ... ങള് കണ്ണൂരാ എറങണത്?? നോക്കീം കണ്ടും പോവിൻ... നാടത്ര ശരീല്ല... "
(Posted in FB on April 22, 2018)